മലയോര – ആദിവാസി മേഖലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക മിഷൻ നടത്താൻ സർക്കാർ ആലോചിക്കുന്നതായി റവന്യൂമന്ത്രി
കെ രാജൻ. തൃശൂർ താലൂക്ക്തല പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു വർഷത്തിനുള്ളിൽ ഈ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഒരു മിഷൻ മോഡൽ രൂപീകരിച്ച് രേഖ ലഭ്യമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. ഇതോടെ കേരളത്തിലെ റവന്യൂ വകുപ്പ് പട്ടയ വിതരണ രംഗത്ത് പുതിയ കാൽവെപ്പിലേയ്ക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ പട്ടയത്തിനായി അപേക്ഷിക്കാൻ കഴിയാത്തവർക്കായി 2022ൽ തന്നെ അതാത് താലൂക്കുകളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പാണഞ്ചേരി വില്ലേജിലെ അഞ്ചിൽ വീട്ടിൽ മോളിക്ക് ആദ്യ പട്ടയം നൽകിയാണ് മന്ത്രി തൃശൂർ താലൂക്ക് തല പട്ടയമേള ഉദ്ഘാടനം ചെയ്തത്. 1975 മുതൽ പട്ടയത്തിന് അപേക്ഷ നൽകിയ മോളിയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. 15 സെന്റ് പുറംമ്പോക്ക് ഭൂമിക്കാണ് മോളിക്ക് പട്ടയം ലഭിച്ചത്.
തൃശൂര്‍ താലൂക്ക്തലത്തിൽ 2031 പട്ടയങ്ങളാണ് വിതരണം ചെയ്തത്. വനഭൂമി പട്ടയം – 478, ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍.ടി)-1530, പുറംമ്പോക്ക് പട്ടയം – 13,
കോളനി പട്ടയം – 4, മിച്ചഭൂമി പട്ടയം – 3, സര്‍വീസ് ഇനാം പട്ടയം – 4. ജില്ലയിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നത് തൃശൂർ താലൂക്കിലാണ്.
പാണഞ്ചേരി ഗലീലി ഓഡിറ്റോറിയത്തിൽ നടന്ന പട്ടയ വിതരണത്തിൽ പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ആർഡിഒ പി എ വിഭൂഷണൻ, തഹസിൽദാർ ടി ജയശ്രീ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.