ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിൽ കൈനകരി മീനപ്പള്ളി കായലിലെ ടെർമിനലും അനുബന്ധ സംവിധാനങ്ങളും കൈനകരി പഞ്ചായത്തിന് വിട്ടു നൽകുന്നതിന് ശുപാർശ ചെയ്യാൻ ജില്ല വികസന സമിതി യോഗത്തിൽ തീരുമാനം. തോമസ് കെ. തോമസ് എം.എൽ.എ.യുടെ നിർദ്ദേശാനുസരണമാണ് ജില്ല കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗം ശുപാർശ നൽകിയത്.
വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്തുന്നതിന് പ്രദേശം പഞ്ചായത്തിന് നൽകുന്നത് ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി. ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം തടയുന്നതിന് എക്‌സൈസിന്റെയും പോലീസിന്റെയും നിരീക്ഷണം ശക്തമാക്കും. കുട്ടനാട്ടിലെ മൂന്നാറ്റിൻമുഖം, പുല്ലങ്ങാടി തുടങ്ങിയ ടൂറിസം വകുപ്പിന് കീഴിലുള്ള അമിനിറ്റി സെൻററുകളുടെ കെട്ടിടങ്ങൾ പലതും ഉപയോഗശൂന്യമായ നിലയിലാണ്. ഇവ വിനോദസഞ്ചാര പദ്ധതികളുടെ ഭാഗമായി വിനിയോഗിക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്യാൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നതിനും നിർദ്ദേശം നൽകി.
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഫെബ്രുവരി 29 നകം നൽകണമെന്ന് ജില്ല കളക്ടർ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ പഞ്ചിങ് യന്ത്രം സ്ഥാപിക്കലും ഇ-ഓഫീസ് സംവിധാനം സ്ഥാപിക്കലും മാർച്ച് മാസത്തിനകം പൂർത്തിയാക്കണമെന്നും ജില്ല കളക്ടർ നിർദ്ദേശിച്ചു. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നോടിയായി വാട്ടർ അതോറിറ്റി, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തൊഴിലുറപ്പ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പ് മേധാവികളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കും.
കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ പൈപ്പിലൂടെ മലിനജലം വരുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഇതിനായി എം.എൽ.എ. ഫണ്ട് അനുവദിക്കുമെന്നും തോമസ് കെ.തോമസ് യോഗത്തിൽ പറഞ്ഞു.
പെരുമ്പളം പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി മരങ്ങൾ മുറിച്ചു നീക്കൽ, നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം എന്നിവ പരിശോധിച്ച് നടപടി വേഗത്തിലാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എ.എം. ആരിഫ് എം.പി. മുൻ യോഗത്തിൽ ഉന്നയിച്ച വിഷയത്തിലാണ് ജില്ല ആസൂത്രണ സമിതിയിൽ തീരുമാനമായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അരൂർ, തുറവൂർ ഭാഗങ്ങളിൽ കെ.എസ്.ഇ.ബി.യുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവർത്തികളിൽ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അരൂർ ഫയർ സ്റ്റേഷൻ നിർമ്മാണം, കാക്കത്തുരുത്ത് പാലം നിർമ്മാണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രതിനിധി മുൻയോഗത്തിൽ ഉന്നയിച്ച ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ പണ്ടാരക്കാലം മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതിയും യോഗം ചർച്ച ചെയ്തു.
ചെങ്ങന്നൂർ മണ്ഡലത്തിലെ ചക്കുളത്ത് കടവ് പാലം, ശാർങ്ങക്കാവ്, കീച്ചേരി കടവ് പാലം, മഠത്തിൽകടവ് പാലം എന്നിവയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച വിഷയങ്ങൾ, അരൂർ മണ്ഡലത്തിലെ കുത്തിയതോട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ പുരോഗതി, പൂച്ചാക്കൽ സബ് ട്രഷറി ഓഫീസ് കെട്ടിട നിർമ്മാണം, അരൂർ, ചന്തിരൂർ മേഖലകളിൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ സംസ്‌കരണം, ആലപ്പുഴ മണ്ഡലത്തിൽ നഗരത്തിലും – തീരപ്രദേശങ്ങളിലും വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പിൽ മലിനജലം കലരുന്ന പ്രശ്‌നം, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പുന്നമട നെഹ്‌റു ട്രോഫി പാലം നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
അമ്പലപ്പുഴ മണ്ഡലത്തിലെ പള്ളാത്തുരുത്തി – കൈനകരി ഔട്ട്‌പോസ്റ്റ് പാലം നിർമ്മാണം, ജില്ലാ കോടതിപാലം നിർമ്മാണം, നഗരസഭ ഈറ്റ് സ്ട്രീറ്റ് നിർമ്മാണം തുടങ്ങിയ പദ്ധതികളും മാവേലിക്കര മണ്ഡലത്തിൽ കില നിർവഹണ ഏജൻസിയായുള്ള കുടശ്ശനാട് സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ, ചുനക്കര സ്‌കൂൾ, കുന്നം എന്നീ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി തുടങ്ങിയ വിഷയങ്ങളും വിലയിരുത്തി.