യുദ്ധത്തെ തുടർന്നു പഠനം പൂർത്തിയാക്കാനാകാതെ യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മെഡിക്കല്‍ സീറ്റ് നല്കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.
യുക്രെയ്നിൽനിന്ന് ബംഗാളിലേക്കു മടങ്ങിയെത്തിയ 412 വിദ്യാർഥികൾക്കു വേണ്ടിയാണു തുടർപഠനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ബംഗാൾ സർക്കാരെടുത്തത്. 172 വിദ്യാർഥികൾക്കു രണ്ടാം വർഷവും മൂന്നാം വർഷവും പഠനം നടത്താനുള്ള അവസരമൊരുക്കാനായിരുന്നു നീക്കം. 132 വിദ്യാർഥികള്‍ക്കു പ്രാക്ടിക്കൽ ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കി. ഇതോടെയാണ് ദേശീയ മെഡിക്കൽ കമ്മിഷനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടത്. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.
ദേശീയ മെഡിക്കൽ കമ്മിഷന്റെ ചട്ടപ്രകാരം വിദേശത്തുനിന്നു പഠനം പൂർത്തിയാക്കിയവര്‍ക്ക് 12 മാസം പ്രാക്ടീസോ ഇന്റേൺഷിപ്പോ ചെയ്തിരിക്കണം. അതിനു ശേഷം ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ പരീക്ഷ എഴുതിയാണ് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവാദം നൽകുക. അല്ലാതെ കോഴ്സ് പകുതിക്കുവച്ചു മുടങ്ങിയവർക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ല.