Kerala Latest news

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂര്‍പൂരം മാറും – ടൂറിസം മന്ത്രി; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂര്‍പൂരം മാറുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കോവിഡ് കാലത്തിന് ശേഷം ലോകത്താകമാനം കാണുന്ന ‘റിവഞ്ച് ടൂറിസം’ എന്ന പ്രവണത തൃശൂര്‍ പൂരത്തില്‍ ദൃശ്യമാകും. കോവിഡാനന്തരം ജനങ്ങള്‍ വാശിയോടെ പുറത്തിറങ്ങുന്ന പ്രവണതയാണിത്. തൃശൂര്‍ പൂരത്തിനായി ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ 15 ലക്ഷം അനുവദിച്ചു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തൃശൂര്‍ പൂരം കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി രാമനിലയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും റവന്യൂ, കോര്‍പറേഷന്‍, പിഡബ്ല്യൂഡി, കെഎസ്ഇബി പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ദൃശ്യ വാദ്യ ശബ്ദ വിസ്മയമായ തൃശൂര്‍ പൂരം പൂര്‍വ്വാധികം ഭംഗിയോടെ നടത്താനുള്ള സംവിധാനങ്ങളാണ് നടത്തിവരുന്നതെന്നും സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായി വിലയിരുത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. പൂരം വെടിക്കെട്ട് റൗണ്ടിലും പരിസരങ്ങളിലും നിന്ന് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സാഹചര്യം ഒരുക്കണമെന്ന ആവശ്യം പെസോ, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പൂരത്തിന് മുന്നോടിയായി കെഎസ്ഇബി, പിഡബ്ല്യൂഡി, കോര്‍പറേഷന്‍ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ഭാഗത്ത് നിന്ന് തൃശൂര്‍ പൂരത്തിന് ലഭിക്കുന്ന പിന്തുണയ്ക്ക് ദേവസ്വം ഭാരവാഹികള്‍ നന്ദി അറിയിച്ചു. യോഗത്തില്‍
പി ബാലചന്ദ്രന്‍ എംഎല്‍എ, മേയർ എം കെ വർഗീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, എഡിഎം റെജി പി ജോസഫ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, ആര്‍ഡിഒ വിഭൂഷണന്‍ പി എ, ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി വിജയന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യോഗത്തിന് ശേഷം ഇരുമന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഓഫീസുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വടക്കുനാഥക്ഷേത്രത്തിന് മുന്നില്‍ വടക്കുനാഥ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ടൂറിസം മന്ത്രിയെ ആദരിച്ചു. ഘടകപൂരങ്ങള്‍ക്കുള്ള സഹായ വിതരണവും ഇരുമന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.