Latest news National

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 വർഷത്തിനു ശേഷം മോചനം

രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിൽമോചിതനാകുന്നത്. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്

1998-ല്‍ പേരറിവാളന്‍ അടക്കം 26 പേര്‍ക്ക് വധശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. 1999-ല്‍ സുപ്രീംകോടതി 19 പ്രതികളെ വെറുതെ വിട്ടു. പേരറിവാളനും മറ്റു മൂന്നുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബുണ്ടാക്കുന്നതിനായി 2 ബാറ്ററികൾ വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയെന്നാണു പേരറിവാളനെതിരെയുള്ള ആരോപണം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു സിബിഐ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ഇതിനിടെ കേസിൽ പ്രതികളായിരുന്ന എൽടിടിഇ നേതാക്കളായ വേലുപ്പിള്ള പ്രഭാകരൻ, പൊട്ടു അമ്മൻ, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.തുടർന്ന് വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 1998 ജനുവരി 28ന് പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ പരിഗണിച്ച് 1999 മെയ് 11ന് മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്‌തുവെങ്കിലും നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവയ്‌ക്കുകയുമായിരുന്നു. 2000ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെ തുടർന്നു സമർപ്പിച്ച ദയാഹർജി 2011നാണു രാഷ്‌ട്രപതി തള്ളിയത്.

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വരുത്തിയ കാലതാമസം പരിഗണിച്ച് 2014-ല്‍ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളന്‍ അടക്കം ഏഴുപേരെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

സുപ്രീംകോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തില്‍ 2018-ല്‍ ഏഴുതടവുകാരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തു. ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രണ്ടരവര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതിനിടെ തമിഴ്‌നാട് മന്ത്രിസഭയുടേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യർഥനകൾ പരിഗണിച്ച ഗവർണർ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്‌തിരുന്നു. 2014ൽ പേരറിവാളന്റെ വധഷിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.

ഈ വർഷം മാർച്ചിൽ പേരറിവാളന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനുപിന്നാലെ നേരത്തെയുള്ള ജയിൽമോചനം ആവശ്യപ്പെട്ട് പേരറിവാളൻ അപ്പീൽ നൽകി. എന്നാൽ തമിഴ്നാട് ഗവർണർ ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും അതിനാൽ തീരുമാനമെടുക്കാനാകില്ലെന്നുംചൂണ്ടിക്കാട്ടി കേന്ദ്രം എതിർത്തു. ഗവർണറുടെ തീരുമാനം വൈകുന്നതു ചോദ്യം ചെയ്ത സുപ്രീം കോടതി, ഇക്കാര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ നിലപാടും പരിഗണിച്ചു.

Leave a Reply

Your email address will not be published.