തമിഴ്നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊന്ന് കത്തിച്ചു. രാമേശ്വരം വടക്കാണ് 45കാരിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒഡീഷ സ്വദേശികളായ ആറു പേരെ അറസ്റ്റ് ചെയ്തു.
രാവിലെ കക്കാ വാരുന്നതിനായി വീട്ടിൽ നിന്നും പോയ യുവതി രാത്രിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതേതുടർന്ന് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് പകുതി കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിക്കൊപ്പം ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായ ഒഡീഷ സ്വദേശികൾ.
യുവതിയുടെ കൊലപാതകത്തിൽ വൻപ്രതിഷേധമാണ് ഉയർന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ആശുപത്രിക്ക് പുറത്തുതടിച്ചുകൂടിയ ജനക്കൂട്ടം നിലപാടെടുത്തു. തുടർന്ന് രാമേശ്വരം എസ്.പി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.