യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിലേക്ക് കടന്ന നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. ദുബായിൽനിന്നാണ് രാവിലെ ഒമ്പതരയോടെ വിജയ് ബാബു നെടുമ്പാശേരിയിൽ എത്തിയത്. പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങൾക്ക് ശേഷമാണ് പ്രതി തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച് ഹൈകോടതി ഇന്നലെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പീഡന പരാതിക്ക് പിന്നാലെ ഇരയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നത്. ആദ്യം ദുബൈയിലും പിന്നീട് ജോർജിയയിലേക്കുമാണ് കടന്നത്. തുടർന്ന് ദുബൈയിലേക്ക് തന്നെ തിരിച്ചെത്തി.
വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.