ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സുഗമവും സമാധാനപരവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ജില്ല കളക്ടര്‍ അഭ്യര്‍ഥിച്ചു.
ക്രമസമാധാന പാലനത്തിനാവശ്യമായ പോലീസ്, വേട്ടെടുപ്പിനാവശ്യമായ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനം അന്തിമ ഘട്ടത്തിലാണ്. ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന, സംസ്ഥാന പോലീസ് എന്നിവരുടെ സേവനം ഉറപ്പുവരുത്തും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ജില്ലയില്‍ പരിഹാരം കാണാവുന്നവ എത്രയും വേഗം പരിഹാരിക്കും. മറ്റു വിഷയങ്ങള്‍ വ്യക്തതയ്ക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണക്കായി അയക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. മാതൃക പെരുമാറ്റച്ചട്ടം, ഹരിതചട്ടം എന്നിവ യോഗത്തില്‍ വിശദീകരിച്ചു.
യോഗത്തില്‍ സി.പി.ഐ.എം. പ്രതിനിധി ആര്‍. നാസര്‍, ഐ.എന്‍.സി. പ്രതിനിധി ജി. സഞ്ജീവ് ഭട്ട്, സി.പി.ഐ. പ്രതിനിധി ടി.ആര്‍. ബാഹുലേയന്‍, കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി ഷീന്‍ സോളമന്‍, ആര്‍.എസ്.പി. പ്രതിനിധി ആര്‍. ചന്ദ്രന്‍, ആംആദ്മി പ്രതിനിധികളായ രമേശന്‍ പാണ്ടിശ്ശേരി, എ.എം. ഇക്ബാല്‍, എ.ഡി.എം. വിനോദ് രാജ്, ജില്ല പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.