Kerala Latest news

വയനാടന്‍ സഞ്ചാരത്തിന് ഉണര്‍വ്വേകാന്‍ ‘എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം’

മഴയും കോടമഞ്ഞും നിറഞ്ഞ അതിമനോഹരമായ അന്തരീക്ഷത്തിലേക്ക് ഇപ്പോള്‍ വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. അവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരു വിരുന്നുകൂടി ഒരുക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ ഉദ്ഘാടനം ചെയ്യുകയാണ്.

കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യ വിജ്ഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.

വയനാടിന്‍റെ വിനോദസഞ്ചാര മേഖലയില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വലിയ ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തകാലത്തായി വലിയതോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ജില്ലയാണ് വയനാട്. 2022 ലെ ആദ്യപാദത്തില്‍ തന്നെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വയനാടിന്‍റെ വിനോദസഞ്ചാര സാധ്യതകളെ സമഗ്രമാക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിവരികയാണ്.

പട്ടികവര്‍ഗ്ഗ വികസനവകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ജൂണ്‍ 4 ന് രാവിലെ 11.30 ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതി നാടിന് സമര്‍‌പ്പിക്കും. മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’ ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കും.

Leave a Reply

Your email address will not be published.