മെഴുകുതിരി കത്തിക്കുന്നതിനിടെ
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് തണല്‍ വീട്ടില്‍ (വിളയില്‍ശേരില്‍) പരേതനായ അനിലിന്റെയും റെയില്‍വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയയാ(17)ണ് മരിച്ചത്.
രാത്രി വൈദ്യുതി നിലച്ചപ്പോള്‍ മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീ പിടിച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവസമയം കുട്ടിമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മണ്ണടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ 14-നാണ് കുട്ടിക്ക് പൊള്ളലേറ്റത്. വൈദ്യുതി നിലച്ചപ്പോള്‍ കത്തിച്ചുവെച്ച മെഴുകുതിരി ഉരുകിവീണ് വസ്ത്രത്തില്‍ തീപടരുകയായിരുന്നെന്നാണ് കരുതുന്നത്. വീടിന്റെ മുകളിലെ ബാല്‍ക്കണിയില്‍ ദേഹത്ത് തീ ആളിപ്പടര്‍ന്ന നിലയില്‍ അയല്‍വാസികളാണ് മിയയെ കാണുന്നത്. തുടർന്ന് അയല്‍വാസികള്‍ മിയയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് മരിച്ചു.