Kerala Latest news

വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവം: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ഗവ. ബോയ്‌സ് എല്‍ പി സ്‌കൂളും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്‌കൂള്‍ കുട്ടിയെയും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ സന്ദര്‍ശിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുള്ള ശുചീകരണ പ്രവൃത്തികള്‍ വേണ്ടവിധത്തില്‍ പൂര്‍ത്തിയായില്ല എന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപം പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ സംരക്ഷണ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ ചെയ്തിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ബാക്കിയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എത്രയും വേഗം അവ ചെയ്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോയ്‌സ് സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതു വരെ അവിടത്തെ കുട്ടികള്‍ക്ക് മതിയായ പഠന സൗകര്യമൊരുക്കാന്‍ ആനപ്പറമ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.

സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും പരിശോധിച്ച ശേഷം ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പ്രത്യേക യോഗവും ചേര്‍ന്നു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ബാലാവകാശ കമ്മീഷനംഗം സി വിജയകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി വി മദന മോഹന്‍, ഡിഇഒ എ കെ അജിതകുമാരി, എഇഒ എ മൊയ്തീന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.