വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോർജിനെ റിമാൻഡ് ചെയ്തു. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. 14 ദിവസത്തേക്കാണ് പി.സി ജോർജിനെ റിമാൻഡ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും.
മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സർക്കാർ അംഗീകരിക്കില്ലെന്നു ജോർജിന്റെ അറസ്റ്റിനു പിന്നാലെ മന്ത്രി പി.രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സർക്കാർ നിലപാടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പൊലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി.സി.ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ദിവസമാണ് ജോർജിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പോലീസ് സംഘം ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു.
തുടര്‍ന്ന് ഇന്ന് രാവിലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.