ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.ശിക്ഷ നാളെ പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.
11 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിലെ ഏകപ്രതിയാണ് കിരൺ കുമാർ.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 120 രേഖകളും 12 മുതലുകളും ഹാജരാക്കി.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ച കേസിൽ മേയ് 18ന് വാദം പൂർത്തിയായി. ജി. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ