ഭർത്തൃപീഡനത്തെ തുടർന്ന് ബി.എ.എം.എസ്. വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. വിസ്മയയുടെ ഭർത്താവ് മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറാണ് കേസിലെ പ്രതി.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ചചെയ്ത കേസിൽ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി ഭർത്താവ് കിരൺകുമാറിനെതിരേയാണ് കേസ്.
സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖയും 12 തൊണ്ടി മുതലും പരിശോധിച്ചു.