വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഒരു ദിവസം കൂടി തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്തയാഴ്ച കൂടി തുടരുമെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാൽ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രമം തുടങ്ങിയതായും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.
കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിൻറെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാറിൻ്റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിൻ്റെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.