Latest news

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍; വിശ്വാസികൾ ആഘോഷത്തിൽ

ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പെരുന്നാൾ നമസ്‌കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷമാക്കി. മുന്‍വര്‍ഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ ആഘോഷങ്ങള്‍ നിയന്ത്രിതമായിരുന്നു.

 

മുഖ്യമന്ത്രി പിണറായി വിജൻ എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു.

നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍.

കലണ്ടര്‍പ്രകാരം, ചെറിയ പെരുന്നാള്‍ അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നേരത്തെ, തിങ്കളാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published.