ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കബറിടത്തില്‍നിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോള്‍തന്നെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റില്‍ റിഫയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്.
പാവണ്ടൂര്‍ ജുമാമസ്ജിദിലെ കബര്‍സ്ഥാനില്‍നിന്ന് റിഫയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തോടെയാണ് പുറത്തെടുത്തത്. കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്‍ക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.