ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചു. മൃതദേഹം കബറടക്കിയ പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാൽ, ഫോറൻസിക് മേധാവി ഡോ. ലിസ, എഡിഎം ചെൽസാ സിനി, താമരശേര ഡിവൈഎസ്പി ടി കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബായിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. കബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
പള്ളി പരിസരത്തുവെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ നേരത്തെ ഒരുക്കിയിരുന്നു. എന്നാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. ഇതോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച തന്നെ മൃതദേഹം മറവുചെയ്യും.
റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതായി റിഫയുടെ കുടുംബം.