Latest news

ശ്രീലങ്ക: തെരുവിലിറങ്ങി സൈന്യം

ജനകീയ പ്രക്ഷോഭം അടിച്ചമർത്താന്‍ ശ്രീലങ്കന്‍ തെരുവുകളില്‍ സൈനികവിന്യാസം. കൊളംബോയിലും പരിസര പ്രദേശങ്ങളിലും സൈനിക വാഹനങ്ങലും പടക്കോപ്പുകളും നിറഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്‌ക്കുമെന്ന്‌ സൈന്യം മുന്നറിയിപ്പ്‌ നൽകി. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങളിൽനിന്ന്‌ യുവാക്കളും യുവതികളും വിട്ടുനിൽക്കണമെന്ന്‌ പ്രതിരോധ സെക്രട്ടറി ജനറൽ കമൽ ഗുണരത്‌നെ മുന്നറിയിപ്പ് നല്കി.

രാഷ്‌ട്രീയ അസ്ഥിരത രൂക്ഷമായതോടെ രാജി ഭീഷണിയുമായി ശ്രീലങ്കൻ സെൻട്രൽ ബാങ്ക്‌ ഗവർണർ നന്ദലാൽ വീരസിംഗെ രംഗത്തെത്തി. സംഘർഷവും പ്രധാനമന്ത്രിയുടെ രാജിയും ബാങ്കിന്റെ നടപടികൾ തടസ്സപ്പെടുത്തി. തൽസ്ഥിതി തുടർന്നാൽ രാജി നൽകുമെന്ന്‌ അധികൃതരെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രതിഷേധം രൂക്ഷമായതോടെ ട്രിങ്കോമാലി നാവിക താവളത്തിലേക്ക്‌ കടന്ന മഹിന്ദ രജപക്‌സെ സുരക്ഷിതനാണെന്ന്‌ പ്രതിരോധസെക്രട്ടറി പറഞ്ഞു. മഹിന്ദയെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമായി. സമരക്കാരെ സർക്കാർ അനുകൂലികൾ ആക്രമിച്ചതിൽ ക്രിമിനൽ അന്വേഷണ വിഭാഗം (സിഐഡി) മഹിന്ദയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നയാളുടെ മൊഴിയെടുത്തു.

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി ഈ ആഴ്‌ചയെന്ന്‌ പ്രസിഡന്റ്‌
ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും ഈ ആഴ്‌ച നിയമിക്കുമെന്ന്‌ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ പറഞ്ഞു. ബുധനാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.

Leave a Reply

Your email address will not be published.