Kerala Latest news

സംസ്ഥാനത്തും പെട്രോൾ ഡീസൽ നികുതി കുറയും

സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറയ്ക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേ സമയം ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

കടുത്ത പ്രതിഷേധത്തിനൊടുവിൽ രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published.