Kerala Latest news Thrissur

സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു

മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി തൃശൂര്‍.
തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റ് മത്സരങ്ങളോടെ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍ മന്ത്രി മാര്‍ച്ച് പാസ്റ്റ് ടീമുകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ഉയര്‍ത്തി.

അഭിമാനത്തോടെയാണ് 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് ടീമും അടങ്ങുന്ന 15 ടീമുകളെ തൃശൂരിലേക്കും സംസ്ഥാന കായികോത്സവത്തിലേയ്ക്കും സ്വാഗതം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഇത്രയും വിപുലമായ രീതിയില്‍ റവന്യൂ ജീവനക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന് തൃശൂര്‍ ജില്ലാ ആതിഥേയത്വം വഹിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പ്രതികരിച്ചു. റവന്യൂ വകുപ്പിന് ഈ കായികോത്സവം എല്ലാത്തരത്തിലും പ്രചോദനമായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാതല റവന്യൂ കായിക മത്സരങ്ങളില്‍ വിജയിച്ച 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടുന്ന 15 ടീമുകളാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. പ്രകടനം, അച്ചടക്കം, ഐക്യം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ജില്ല കരസ്ഥമാക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ പത്തനംതിട്ട, കണ്ണൂര്‍ ജില്ലകള്‍ നേടി. മാര്‍ച്ച് പാസ്റ്റിന് ശേഷം അത്‌ലറ്റിക് മത്സരങ്ങള്‍ നടന്നു.

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ ഡി എം റെജി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍സണ്‍ സി ഒ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിംഗ്, വിദ്യാഭ്യാസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി മദനമോഹനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന റവന്യൂ കായികോത്സവത്തില്‍ നാളെ(21-05-22) തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് ഫുട്‌ബോള്‍ പ്രീക്വാട്ടര്‍ മത്സരങ്ങളും ഞായറാഴ്ച രാവിലെ ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

Leave a Reply

Your email address will not be published.