Entertainment Home Latest news

സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് മന്ത്രി സജി ചെറിയാൻ. “സി സ്പേസ് (C Space)” എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം അറിയപ്പെടുക. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.

തിയേറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കും. ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും എന്നും മന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published.