ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ മലയാളികൾ ആശ്രയിക്കുന്ന ഒന്നാണ് മഞ്ഞൾ .പലരും മഞ്ഞൾ കൃഷിയിലൂടെ നല്ല വരുമാന മാർഗവും കണ്ടെത്താറുണ്ട്.എന്നാൽ വരുമാനത്തിനോ കൃഷിക്കാരി എന്ന പേരിനോ ഒന്നുമല്ലാതെ താല്പര്യം കൊണ്ട് മാത്രം നിരവധി വർഷമായി മഞ്ഞൾ കൃഷി ചെയ്യുന്ന ഒരാളുണ്ട്.തൃശ്ശൂർ ജില്ലയിലെ കുന്നംകുളം കാട്ടകാമ്പൽ സ്വദേശിനിയായ കരിപ്പാലപറമ്പിൽ സിന്ധു .സിന്ധുവിന് മഞ്ഞൾ കൃഷിയോട് പ്രത്യേക കൗതുകമാണ് .കാരണം ചോദിച്ചാൽ പ്രത്യേക മറുപടിയൊന്നുമില്ല.
“മഞ്ഞൾ നട്ട് അതു മുളയ്ക്കുന്നതു മുതൽ അതിന്റെ വിളവെടുപ്പു വരെ കാണാൻ തന്നെ നല്ല ഭംഗിയാണ്, ആരോഗ്യത്തിന് അത്യുത്തമമായ വിഷമില്ലാത്ത മഞ്ഞൾ സ്വന്തമായി അദ്വാനിച്ചുണ്ടാക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .ഓരോ വിളവെടുപ്പിലും 40 – 45 കിലോ മഞ്ഞൾ ലഭിക്കാറുണ്ട്. ഈ പ്രാവശ്യം 85 കിലോ ലഭിച്ചു. കൃഷിക്കായി പ്രത്യേക വളപ്രയോഗമൊന്നും നടത്താറില്ല.മണ്ണിന്റെ വളക്കൂറു കൊണ്ട് ഒരു മഞ്ഞൾക്കടയിൽ നിന്ന് തന്നെ വലിയ തോതിൽ മഞ്ഞൾ ലഭിക്കാറുണ്ട്. വിളവെടുത്ത മഞ്ഞൾ ഉണക്കിപ്പൊടിച്ച് അത് ബന്ധുക്കൾക്കും മറ്റും വിതരണം ചെയ്യും.വീട്ടിൽ കാലങ്ങളായി ഞാൻ ഉണ്ടാക്കുന്ന മഞ്ഞൾപ്പൊടിയാണ് ഉപയോഗിക്കുന്നത് ” സിന്ധു വാചാലയായി.
സ്വന്തമായുള്ള 5 സെൻറ് സ്ഥലത്തും സമീപപ്രദേശങ്ങളിലുമായി ആകെ പത്ത് സെൻറ് സ്ഥലത്താണ് സിന്ധുവിന്റെ മഞ്ഞൾ കൃഷി. കാട്ടകാമ്പാൽ പഞ്ചായത്ത് മെമ്പർ കൂടിയാണ് സിന്ധു . തിരക്കിനിടയിലും മഞ്ഞളിനെ പരിചരിക്കാൻ ഈ പൊതുപ്രവർത്തക സമയം കണ്ടെത്താറുണ്ട്. 4 വർഷത്തിലധികമായി ഈ താത്പര്യം തുടങ്ങിയിട്ട്. സിന്ധുവിന്റെ കൗതുകത്തിന് അമ്മ പൂർണ്ണ പിന്തുണയും നൽകുന്നു.