സിൽവർലൈൻ ബദൽ സംവാദത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സംവാദത്തിലേക്ക് ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു. മെയ് നാലിന് നടക്കുന്ന സംവാദത്തിലേക്കാണ് ക്ഷണം. സ്ഥലവും സമയവും പിന്നീട് അറിയിക്കാമെന്നാണ് കത്തിൽ പറയുന്നത്. കെ റെയിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന ചർച്ച ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ജനകീയ പ്രതിരോധ സമിതി ബദൽ സംവാദം നടത്തുന്നത്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള തട്ടിക്കൂട്ട് സംവാദമാണ് ഇന്ന് നടന്നതെന്നാണ് പ്രതിപക്ഷ വിമർശനം.
വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് ഇന്ന് കെ റെയിൽ സംവാദം സംഘടിപ്പിച്ചത്. നിഷ്പക്ഷ ചർച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാൽ, ആദ്യം ക്ഷണിച്ച ജോസഫ് സി മാത്യുവിനെ വിമർശകരുടെ പാനലിൽ നിന്ന് പിന്നീട് ഒഴിവാക്കിയത് വിവാദമായി.
ചർച്ച നടത്തേണ്ടത് കെ റെയിൽ അല്ല, സർക്കാരാണെന്ന നിലപാടുയർത്തി അലോക് വർമയും രംഗത്ത് എത്തിയതോടെ അവസാന മണിക്കൂറിൽ അനിശ്ചിതത്വമായി. സംവാദത്തിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുന്നയിച്ച് അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതോടെ സംവാദം അടിമുടി വിവാദത്തിലും അനിശ്ചിതത്വത്തിലുമായി. എന്നാൽ പ്രതിഷേധങ്ങൾ മറികടന്നു പദ്ധതിയുമായി മുന്നോട്ട് പോകുന്ന കെ റെയിൽ, സംവാദത്തിന്റെ കാര്യത്തിലും വിമർശനങ്ങൾ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. വിരമിച്ച റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എൻ രഘു ചന്ദ്രൻ നായർ തുടങ്ങി മൂന്നു പേരാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ ഉണ്ടായിരുന്നത്. എന്നാൽ ആർ വി ജി മേനോൻ മാത്രമാണ് എതിർക്കുന്നവരുടെ പാനലിൽ ഉണ്ടായിരുന്നത്.