നാലുലക്ഷം കുട്ടികളെ ഒന്നാംക്ലാസിലേക്ക് വരവേറ്റ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ബുധനാഴ്ച തുറക്കും. സംസ്ഥാന, ജില്ലാ, ഉപജില്ലാ, സ്കൂൾതലങ്ങളിൽ പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേൽക്കും.
വിദ്യാർഥികളും അധ്യാപകരും മാസ്ക് ധരിക്കണം. നിലവിലെ കോവിഡ് മാനദണ്ഡങ്ങളെല്ലാം സ്കൂളുകളിൽ പാലിക്കണം. ഒന്നാം വാള്യം പാഠപുസ്തകവും കൈത്തറി യൂണിഫോമും എത്തിച്ചിട്ടുണ്ട്. സ്കൂളിനു മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. സ്കൂളിനു സമീപം ട്രാഫിക് മുന്നറിയിപ്പ് ബോർഡടക്കം സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനം കോവിഡിൽനിന്ന് പൂർണമുക്തമായിട്ടില്ലെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കരുതൽ ആവശ്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷാകർത്താക്കളും ദിവസവും ശ്രദ്ധിക്കണം. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസ്സിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് നല്‍കണം.