Kerala Latest news

സർക്കാർ തൊഴിലന്വേഷകരെ തേടി വീടുകളിലെത്തുന്നു

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന്റെ ജില്ലാതല സര്‍വ്വേയ്ക്ക് തൃശൂരിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുടക്കമായി. 2026നകം 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക് ആഗോളതൊഴിൽ മേഖലകളിൽ തൊഴിലവസരം ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ നടന്ന പഞ്ചായത്ത് തല സർവ്വേ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആദ്യ സർവ്വേ തലവനിക്കര തോമസിന്റെ വീട്ടിൽ നിന്ന് തുടക്കമായി.

കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന് (കെ-ഡിസ്ക്) കീഴിൽ നോളജ് എക്കോണമി മിഷൻ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം തൊഴിലന്വേഷകരെ ബോധവൽക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നതിനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീടുകൾ തോറും സർവ്വേ നടത്താനും, ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി തൊഴിൽ നേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറും കയറിയിറങ്ങിയുള്ള സർവ്വേയിലൂടെ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ‘ജാലകം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്.

18-നും 59-നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാം. അതിനായി knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. പ്ലസ് ടു, പ്രീഡിഗ്രി, ഐടിഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

രജിസ്ട്രേഷന് ശേഷം ഇതേ പ്ലാറ്റ്ഫോം വഴി നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ സ്വയം മെച്ചപ്പെടാനും നൈപുണ്യം വർധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല, ഐസിടി അക്കാദമി കേരള, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കേയ്സ്), അഡ്വാൻസ്ഡ് സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് നൈപുണ്യപരിശീലനം നൽകുന്നത്.

Leave a Reply

Your email address will not be published.