ഹയർ സെക്കണ്ടറി മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നും തെറ്റിദ്ധാരണമൂലമാണ് അധ്യാപകർ വിട്ടുനിന്നതെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഇന്നും അധ്യാപകർ മൂല്യനിർണ്ണയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കോഴിക്കോട്ടും അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തി. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം. നടപടിയുണ്ടാകുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്.
രണ്ടാം വർഷ ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യ നിർണ്ണയമാണ് വിവാദമായിരിക്കുന്നത്. ഉത്തരസൂചികയിലെ പിഴവ് മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും അധ്യാപകർ മൂല്യനിർണ്ണയം ബഹിഷ്കരിച്ചതോടെയാണ് വിവാദം പൊതുശ്രദ്ധയിലേക്ക് വരുന്നത്. വിദഗ്ദരായ അധ്യാപകർ നേരത്തെ തയ്യാറാക്കി ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ച ഉത്തര സൂചിക ഒഴിവാക്കിയെന്നും അധ്യാപകർ പറയുന്നു. സംഭവത്തില്‍ അധ്യാപകരുടെ ഗുരുതര വീഴ്ച ഉണ്ടായതായും 12 അധ്യാപര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.