ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് ഞായറാഴ്ച ജില്ലയൊട്ടാകെ സമഗ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലയെ പകര്‍ച്ച വ്യാധി മുക്തമാക്കുന്നതുള്‍പ്പെടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിപ്പിക്കുന്ന ഹീല്‍ ദൈ തൃശൂര്‍- ആരോഗ്യ സുരക്ഷാ ക്യാംപയിന്‍ ആലോചനാ യോഗത്തിലാണ് തീരുമാനം.
മഴക്കാലംകൂടി വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊതുകുകളുടെ ഉറവിട നശീകരണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പരിസ്ഥിതി ദിനത്തില്‍ ഊന്നല്‍ നല്‍കുക. ജില്ലയിലെ മുഴുവന്‍ വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയും അവയുടെ പരിസരങ്ങളും മാലിന്യ മുക്തമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ ആഹ്വാനം ചെയ്തു.
മഴക്കാലപൂര്‍വ്വ ശുചീകരണം എന്ന രീതിയില്‍ റോഡിന്റെ ഇരുവശങ്ങള്‍, പൊതു ഇടങ്ങള്‍, ബീച്ചുകള്‍, ജലസ്രോതസ്സുകള്‍ തുടങ്ങിയവയെല്ലാം മാലിന്യ മുക്തമാക്കണം. അതോടൊപ്പം പകര്‍ച്ച വ്യാധികള്‍ക്ക് പ്രധാനമായും കാരണമാകുന്ന കൊതുകുകള്‍, എലികള്‍, പെരുച്ചാഴികള്‍ തുടങ്ങിയവയെ തുരത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഇക്കാര്യത്തില്‍ വീട്ടുകാര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ-മത സംഘടനകള്‍, യുവജന സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും രംഗത്തിറങ്ങണം. മഴക്കാലത്തിന് മുന്നോടിയായി ഓടകള്‍ ഉള്‍പ്പെടെ വൃത്തിയാക്കുകയും അപകടസാധ്യതയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുന്നതാണ് ഹീല്‍ ദൈ തൃശൂര്‍- ആരോഗ്യ സുരക്ഷാ ക്യാംപയിനെന്ന് ജില്ലാ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ഞായറാഴ്ചത്തെ ശുചീകരണ യജ്ഞത്തിലൂടെ തുടക്കം കുറിക്കുന്ന ക്യാംപയിന്‍ വിവിധ തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടു പോവണം. ഞായറാഴ്ച നടക്കുന്ന ശുചീകരണ യജ്ഞത്തിന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും നേതൃത്വം നല്‍കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഇതിനായുള്ള ചെലവുകൾ തദ്ദേശ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി തനത് ഫണ്ടില്‍ നിന്ന് കണ്ടെത്തണം. ശുചിത്വ മിഷന്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ വഴി താമസിയാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ പഞ്ഞു.
വീടുകളും പരിസരങ്ങളും മാലിന്യ മുക്തമാക്കാനും കൊതുകുകള്‍ വളരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനുമുള്ള ബോധവല്‍ക്കരണം വിദ്യാര്‍ഥികളിലൂടെ എല്ലാ വീടുകളിലും എത്തിക്കണം. ഇതിനായി ജൂണ്‍ അഞ്ചിന് മുമ്പ് പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അധ്യാപകരും സ്‌കൂള്‍ അധികൃതരും നടപടി സ്വീകരിക്കണം. ആരാധനാലയങ്ങലിലൂടെ ശുചീകരണ യജ്ഞത്തിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ താല്‍പര്യമെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ശുചീകരണ യജ്ഞത്തിൽ വാര്‍ഡ് തല ആരോഗ്യ സമിതികള്‍ സജീവമായി രംഗത്തിറങ്ങണം. രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആവശ്യമായ ഇടങ്ങളില്‍ ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കണം. ജല വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും കുടിവെള്ളത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രത കാണിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ എന്‍ കെ അക്ബര്‍, വി ആര്‍ സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍,
ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. പ്രേമകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി കെ അനൂപ്, ഡിപിഎം ഡോ. യു ആര്‍ രാഹുല്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് തലവന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.