Kerala Latest news

ഹേമ കമ്മിഷൻ റിപ്പോർട്ട്; സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണം, സ്ത്രീകൾക്കു സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, തുടങ്ങിയ കാര്യങ്ങങ്ങൾ നിർമാതാക്കൾ ശ്രദ്ധിക്കണമെന്നും ഹേമ കമ്മിഷൻ റിപ്പോർട്ട്.

റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ ചർച്ച ചെയ്തു. 5000 പേജുള്ള ബൃഹത്തായ റിപ്പോർട്ടാണ് ഹേമ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളത്. നിർദേശങ്ങൾ തയ്യാറാക്കാനായി സാംസ്കാരികവകുപ്പിലെ മൂന്ന് ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അവർ തയാറാക്കിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

സെറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പരി​ഗണന നൽകണം. തുല്യ വേതനം നൽകണം. സിനിമയിലെ എല്ലാ ജോലികൾക്കും കരാർ ഉണ്ടാക്കണം. സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളിൽ സഹകരിപ്പിക്കരുത്. മദ്യവും മയക്കുമരുന്നും സെറ്റുകളിൽ പാടില്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ.
ഹേമ കമ്മീറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിനായി സമ​ഗ്ര നിയമനിർമാണം വേണമെന്നും കരട് നിർദേശങ്ങളിലുണ്ട്
സിനിമാ മേഖലയിലെ സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെയും ഫാൻസ് ക്ലബ്ബുകളിലൂടെയും മറ്റു തരത്തിലും അവഹേളിക്കുന്നത് തടയാൻ നടപടി വേണം.

എന്തെങ്കിലും കാരണത്താൽ ഒരാളെ സിനിമാ ജോലിയിൽനിന്ന് വിലക്കുന്നത് തടയണം. അസി.പ്രൊഡ്യൂസർമാർക്കു മിനിമം വേതനം ഉറപ്പാക്കണം. സിനിമകൾക്കായി ലോണുകൾ അനുവദിക്കാൻ ഏക ജാലക സംവിധാനം നടപ്പിലാക്കണം. ജുഡീഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കണം. മികച്ച വനിതാ പ്രൊഡ്യൂസർക്ക് അവാർഡ് നൽകണം. ശക്തമായ പരാതി പരിഹാര സംവിധാനം കൊണ്ടുവരണം. ഫിലിം പഠന കേന്ദ്രങ്ങളിൽ സ്ത്രീകൾക്കു സീറ്റ് സംവരണം നടപ്പിലാക്കണം. ടെക്നീഷ്യനായി കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്കുണ്ടാകണമെന്നും കമ്മിഷൻ നിർദേശിക്കുന്നു.
യോഗത്തിൽ ഡബ്ല്യുസിസിയിൽനിന്നു പത്മപ്രിയ, ബീനാ പോൾ എന്നിവരും അമ്മയിൽനിന്ന് ഇടവേള ബാബു, സിദ്ദിഖ്, മണിയൻ പിള്ള രാജു എന്നിവരും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയും പങ്കെടുത്തു. കൂടാതെ വനിതകൾക്കു സുരക്ഷ ഉറപ്പാക്കാൻ നിയമം ആണ് വേണ്ടത് എന്നും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ സുരക്ഷയ്ക്കു പരിഹാരം ആകില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.