തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിന് ഉത്തരവാദികളായ 10 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി.എസ്.സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശുപാർശ നൽകി. രക്ഷപ്പെടുന്നതിനിടെ പ്രതികൾ പൊലീസിനുനേരെ വെടിയുതിർത്തെന്ന വാദം തള്ളി. സമിതിയുടെ കണ്ടെത്തൽ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കും.
തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതികളെ ഡിസംബർ ആറിന് പുലർച്ചെ 3.30നാണ് പൊലീസ് വെടിവച്ചുകൊന്നത്. കേസിലെ മുഖ്യപ്രതിക്ക് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാലു തവണ വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടൽ കൊലകളെന്ന ആരോപണം ശക്തമായതോടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു
കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ജോലു ശിവ, ജോലു നവീന്‍, ചിന്തകുണ്ട ചെന്നകേശവലു എന്നിവര്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ 12, 2019 നാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചത്. 2019 ഡിസംബര്‍ ആറിനാണ് പ്രതികളെ വെടിവെച്ചുകൊന്നത്.