Kerala Latest news

വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി

ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ. കൊച്ചി സിറ്റി പൊലീസാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. വിജയ് ബാബു വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി.

ഇയാൾക്കെതിരെ പരാതി നൽകിയ നടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോലീസ് പോകുന്നത്. വിജയ് ബാബുവിന്റെ വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.

പീഡന പരാതിക്ക് പിന്നാലെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദുബായിലാണെന്നും സൂചനയുണ്ട്.

അതേസമയം, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് വിജയ് ബാബു തൻറെ വിശ്വാസം നേടിയെടുത്തു. വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നുമാണ് യുവതിയുടെ ആരോപണം.

Leave a Reply

Your email address will not be published.