റിതിക്.ടി
കലാകാരൻ എപ്പോഴും കാലത്തെ മുൻപേ കാണും കാലത്തിന് മുന്നേ സഞ്ചരിക്കും. മരണത്തിന് മണിക്കൂറുകൾ മുന്നേ അദ്ദേഹം ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ചിന്തിച്ചിരിക്കാം. അതു കൊണ്ടാകാം “ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം” എന്ന് തൻ്റെ ഫേസ്‌ബുക്കിൽ പോസ്‌റ്റിൽ അദ്ദേഹം എഴുതിയത്.
ഏത് കാലത്തേക്കും ഇണങ്ങുന്ന കലാകാരനായിരുന്നു പ്രതാപ് പോത്തൻ. ചുരുക്കം ചില പ്രതിഭകളിൽ മാത്രം കണ്ടു വരുന്ന അഭൂതപൂർവമായ കഴിവ്. ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന അദ്ദേഹത്തിന് നവ മലയാള കൊമേഷ്യൽ സിനിമ കണ്ട് പകച്ചു നിൽക്കേണ്ടി വന്നില്ല. അദ്ദേഹം എന്നും സിനിമയോളം ചെറുപ്പമായിരുന്നു. ഓരോ സിനിമയും പുതിയ പരീക്ഷണമാണെങ്കിൽ ആ സിനിമകളോടെപ്പം അദ്ദേഹം പുതുതായി ജനിച്ചു കൊണ്ടേയിരുന്നു. അതിനു തെളിവായി 22 ഫീമെയിൽ കോട്ടയത്തിൽ അദ്ദേഹം നമ്മെ വില്ലനായി അത്ഭുതപ്പെടുത്തി. ഇടുക്കി ഗോൾഡിലൂടെ പേരില്ലാത്ത ഓരോ ഗ്യാങ്ങിലെയും നേതാവായി.
ഭരതൻ തേച്ചുമിനുക്കിയ പ്രതിഭയാണ് പ്രതാപ് പോത്തൻ. നടനാകാൻ താൽപര്യമേ ഇല്ലായിരുന്ന പോത്തൻ സംവിധാന മോഹവുമായി മുടി നീട്ടി, കണ്ണട വച്ച്, ഹിപ്പിയായി നടന്നിരുന്ന കാലം. ഭരതൻ മാത്രം അദ്ദേഹത്തിലെ നടനെ കണ്ടെത്തി. 1978 ലെ ഭരതൻ്റെ ‘ആരവം’ചലച്ചിത്രത്തിലൂടെ പ്രതാപ് പോത്തൻ സിനിമയിൽ എത്തുന്നു. അവിടന്ന് ‘തകര’ എന്ന ക്ലാസ് ചിത്രത്തിലൂടെയാണ് പ്രതാപ് ലോകസിനിമയിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ലോറി, ചാമരം, തുടങ്ങി ഭരത സിനിമകളിൽ പ്രതാപ് പോത്തൻ തിളങ്ങി. അന്നേ വരെ കണ്ടിട്ടില്ലാത്ത നായകനെ കണ്ട് ഏവരും അതിശയപ്പെട്ടു. വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, എന്നിങ്ങനെ സിനിമകൾ നമ്മെ കണ്ണുനട്ട് തിരശീലയിലേക്ക് അടുപ്പിച്ചു.
എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിൽ അദ്ദേഹം തരംഗമായി മാറി. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സുന്ദരമായ തമിഴ് ഗാനങ്ങളിൽ അദേഹം നിറഞ്ഞു നിന്നു. തമിഴിലും മലയാളത്തിലും അദ്ദേഹം ഫ്രീക്ക് നായകനായി തിളങ്ങി. ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാള സിനിമകളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെട്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. മൂന്ന് സിനിമകൾ മലയാളത്തില്‍ സംവിധാനം ചെയ്തു.
സൈക്കോപ്പതി എന്ന ആശയം കാലങ്ങള്‍ക്ക് മുന്നേ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തി. അതിനായി നിരന്തരം ലോകസിനിമകൾ കണ്ട് സിനിമയോടെപ്പം അദ്ദേഹവും വളർന്നു കൊണ്ടേയിരുന്നു.
മുറിവുകൾ ഉണങ്ങാം സിനിമ ഇനിയും പുതുക്കപ്പെടും. പക്ഷെ ചില മുറിപ്പാടുകൾ ഒരിക്കലും മായാതെ മുറിവേറ്റപ്പോൾ അനുഭവപ്പെട്ട വേദനയുടെ നീറ്റൽ പോലെ ഓർമ്മയിൽ എന്നും ഉണ്ടാകും. അതുപോലെയാണ് പ്രതാപ് പോത്തൻ. കാരണം അയാളും നമ്മളും തമ്മിൽ അടർത്തിമാറ്റാനാകാത്ത വിധം എന്തോ ഒന്നുണ്ട്.
Kidu