സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ എക്‌സിബിഷന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘ഗ്രാമീണടൂറിസം കാഴ്ചകള്‍’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച കലാസൃഷ്ടിയ്ക്ക് ക്യാഷ് പ്രൈസുകള്‍ നല്‍കും. വിജയികള്‍ക്ക് ഏപ്രില്‍ 24ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍ സമാപനവേദിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്യും.
വീഡിയോകള്‍ പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ചോ മൊബൈലിലോ ഷൂട്ട് ചെയ്യാം. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം ഒരു മിനിറ്റ് മുതല്‍ ഒന്നര മിനിറ്റ് വരെയാണ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച് ഡി, എംപി 4 ഫോര്‍മാറ്റില്‍ വേണം സൃഷ്ടികള്‍ അയക്കാന്‍. വീഡിയോകള്‍ അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ diothrissur@gmail.com എന്ന ഇമെയിലിലേക്ക് വിട്രാന്‍സ്ഫര്‍ (wetransfer) മുഖേനയോ ഏപ്രില്‍ 16ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. ഫോണ്‍: 0487-2360644