ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്ര ഏകാദശി ആചരിക്കേണ്ടത് ഡിസംബർ നാലാം തിയ്യതി ഞായറാഴ്ച്ച തന്നെയാണെന്ന് ജ്യോതിഷി കാക്കശ്ശേരി രവീന്ദ്രൻ പണിക്കർ. നിലവിലെ തിയതി പ്രശ്നത്തിൽ ഗുരുവായൂർ ദേവസ്വം ജ്യോതിഷ പണ്ഡിതന്മാരെ വിളിച്ച് ഇക്കാര്യത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ ഗുരുവായൂർ ക്ഷേത്ര കലണ്ടറിൽ മാത്രമാണ് ഏകാദശി ഡിസംബർ മൂന്നാം തിയ്യതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കേരളത്തിലെ മറ്റു കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഡിസമ്പർ 4 നാണ് ഗുരുവായൂർ ഏകാദശി രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ പ്രമുഖ ഹിന്ദു സംഘടനകളായ ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, നരസിംഹ ആചാര്യ സഭ, കേരള ഗണക കണിശസഭ കേരള പണിക്കർ സർവ്വീസ് സൊസൈറ്റി ജ്യോതിശാസ്ത്രമണ്ഡലം, കളരിപ്പണിക്കർ ഗണക കണിശ ജ്യോതിഷ സഭ, ഗുരുവായൂർ ആസ്ഥാന ജ്യോതിഷി മമ്മിയൂർ കളരിക്കൽ രമേഷ് പണിക്കർ, പ്രമുഖ പഞ്ചാംഗഗണിതക്കാരായ ഡോ.ബാലകൃഷ്ണവാര്യർ, ചെത്തല്ലൂർ വിജയകുമാർ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, വരന്തരപ്പിള്ളി ചന്ദ്രൻ കുറുപ്പ് വിജയൻ ഇളയത് ആലപ്ര, അരവിന്ദാക്ഷൻ എറണാംകുളം, മാതൃഭൂമി പഞ്ചാംഗഗണിത കർത്താവ് നാരായണ പൊതുവാൾ മുതലായവരും 2022 ഡിസമ്പർ നാല് ഞായർ ഗുരുവായൂർ ഏകാദശി വേണം എന്ന അഭിപ്രായമുള്ളവരാണ്.
മറ്റു ക്ഷേത്രങ്ങൾക്ക് മാതൃകയായി പ്രവർത്തിയ്ക്കേണ്ട ഗുരുവായൂർ ക്ഷേത്രവും ഭരണാധികാരികളും ഇത്തരം ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും തുടർച്ചയായി ആചാര ലംഘനങ്ങൾ നടത്തുന്നതും അനഭിലഷണീയമാണ് എന്ന് അദേഹം കൂട്ടിച്ചേർത്തു.