Kerala Latest news

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16ന്

തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂരുകാരുടെ സ്വപ്‌ന പദ്ധതിയായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാലിന്യപ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

എന്‍ കെ അക്ബര്‍ എംഎല്‍എ സ്വാഗതം പറയുന്ന ചടങ്ങില്‍ കെ ഡബ്ല്യു എ മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേസപതി എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടി എന്‍ പ്രതാപന്‍ എംപി, മുരളി പെരുനെല്ലി എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, മുന്‍ എംഎല്‍എമാരായ കെ വി അബ്ദുള്‍ഖാദര്‍, പി ടി കുഞ്ഞുമുഹമ്മദ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്ത് കുമാര്‍, എ സായിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി കെ നൗഫല്‍, കെ പി എ റഷീദ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ വി കെ വിജയന്‍, മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി കെ പ്രകാശ്, ജല അതോറിറ്റി ബോര്‍ഡംഗം ജോസ് ജോസഫ്, കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ചക്കംകണ്ടത്ത് സ്ഥാപിച്ചിരിക്കുന്ന 3 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യ സംസ്‌കരണ ശാഖ, 3 സംഭരണ കിണറുകള്‍, 3 പമ്പ് ഹൗസുകള്‍, 7.34 കിലോമീറ്റര്‍ നീളമുള്ള സ്വീവറേജ് സംഭരണ ശൃoഖല, പമ്പുസെറ്റുകള്‍, ജനറേറ്ററുകള്‍, 256 മാന്‍ഹോളുകള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. 13.23 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി ചിലവഴിച്ചിട്ടുള്ളത്. മൂന്നു സോണുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറ്റവുമൊടുവില്‍ സംഭരിക്കുന്നത് ഒന്നാമത്തെ പമ്പ്ഹൗസിലാണ്. അവിടെനിന്ന് മാലിന്യങ്ങള്‍ പൈപ്പ് വഴി ചക്കംകണ്ടം പ്ലാന്റിനു മുന്നിലെ വലിയ ടാങ്കിലേക്ക്. ടാങ്കിലെ മാലിന്യങ്ങള്‍ പ്രത്യേക ചാനല്‍ വഴി പ്ലാന്റിലെ ഗ്രിഡ് ചേമ്പറിലേയ്ക്ക്. ചാനലില്‍ വെച്ച് സാന്ദ്രതയുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടും ഗ്രിഡ് ചേമ്പറില്‍നിന്ന് പ്ലാന്റിലെ ടാങ്കിലേക്കും അവിടെനിന്ന് പമ്പ് ചെയ്ത് ബയോളജിക്കല്‍ റിയാക്ടറിലേക്കും. ബാക്ടീരിയ ഉപയോഗിച്ച് സംസ്‌കരണപ്രക്രിയ നടക്കുന്ന ഘട്ടമാണിത്. ഒടുവില്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍ ചേമ്പറിലൂടെ മാലിന്യം കടത്തിവിട്ട് വെള്ളത്തിലെ കോളിഫോമിന്റെ അംശങ്ങള്‍ വേര്‍തിരിച്ചശേഷം ശുദ്ധീകരിച്ച് പുറത്തേക്കുവിടും.

ഗുരുവായൂര്‍ അഴുക്കുച്ചാല്‍ പദ്ധതി 2021 സെപ്റ്റംബര്‍ 30ന് മാലിന്യസംസ്‌കരണശാല ഉള്‍പ്പെടെ ഭാഗികമായും, 2021 നവംബര്‍ 16ന് പൂര്‍ണമായും കമ്മിഷന്‍ ചെയ്ത് സ്വീവറേജ് കണക്ഷനുകള്‍ കൊടുത്തു തുടങ്ങുകയും ചെയ്തു. അഴുക്കുച്ചാല്‍ പദ്ധതിക്കായി പൊളിച്ച ഗുരുവായൂര്‍ ഔട്ടര്‍റിങ് റോഡിന്റെ നവീകരണം 4.25 കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published.