കളക്ട്രേറ്റിന് നവീകരണത്തിന് പുതുവത്സര  പ്രഖ്യാപനം;  2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കും – മന്ത്രി കെ രാജൻ

Estimated read time 1 min read

പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന്  2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം  എന്നിവയുടെയും  എടിഎമ്മിന്റെ സമര്‍പ്പണവും ക്ലീന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കളക്ട്രേറ്റ് കൂടുതൽ മനോഹരമാക്കാനും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒരുക്കുന്നതിനുമായാണ് പ്ലാൻ ഫണ്ടിൽ തുക വകയിരുത്തുന്നത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാനും മന്ത്രി പറഞ്ഞു.  കളക്ട്രേറ്റ് നവീകരണത്തിന്റെ ഭാഗമായി ഇതിനോടകം വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി. ഇനിയും ഒരുപാട് നവീകരണങ്ങൾ ചെയ്യാനുണ്ട്. കളക്ട്രേറ്റിലെത്തുന്ന പൊതു ജനങ്ങൾക്ക് ഏറെ സഹായകരമാണ് നവീകരിച്ച പി. ജി. ആർ സെല്ലെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ഔഷധ സസ്യോദ്യാനം പുതു തലമുറയ്ക്ക് കേരളത്തിന്റെ ഔഷധ പാരമ്പര്യവും ഔഷധ ചികിത്സയും  പകർന്ന് നൽകുന്ന ഇടമാണ്. ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെയും മരങ്ങളെയും കുറിച്ചറിയാൻ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്.  നമ്മുടെ ഔഷധ വിജ്ഞാന പാരമ്പര്യം പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്താൻ ഉദ്യാനത്തിലൂടെ കഴിയുമെന്നും കുട്ടികൾക്ക് വന്നു പോകാൻ പറ്റുന്ന ഇടമായി ഇവിടം മാറണമെന്നും മന്ത്രി പറഞ്ഞു.
കളക്ട്രേറ്റിൽ സജ്ജമാക്കിയ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം ഏവർക്കും സൗകര്യമാണെന്നും കളക്ട്രേറ്റിന് വേണ്ട മാറ്റങ്ങൾ വരുത്തി നവീകരിച്ച് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കളക്ട്രേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പ് മുഖേന ഭിന്നശേഷി സൗഹൃദമായി നവീകരിച്ച പി.ജി.ആര്‍ സെല്‍ ( പൊതുജന പരാതി പരിഹാര സെല്‍ ) സജ്ജമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്കും സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിൽ എ.ടി എം സ്ഥാപിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours