അന്തരീക്ഷതാപം ഉയരുന്നു; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

Estimated read time 1 min read

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്. ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കരുത്.

സൂര്യാഘാതത്തിലൂടെ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടണം.

ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍.

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുമ്പോള്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം, ഉടനടി ചികിത്സ തേടണം. പൊള്ളിയഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് (ചൂട് കുരു) കുട്ടികളെയാണ് ബാധിക്കുന്നത്. അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയില്‍ കുട ഉപയോഗിക്കാം.      

• ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

• തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം

• യാത്രാ വേളയില്‍ വെള്ളം കരുതണം.

 കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വയറിളക്കം പോലെയുള്ള രോഗങ്ങളുണ്ടാകും.. വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പാക്കണം. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. 11 മണി മുതല്‍ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. പഴങ്ങളും സാലഡുകളും കഴിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, ഒ ആര്‍ എസ് തുടങ്ങിയവ ധാരാളമായി കുടിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം.

You May Also Like

More From Author

+ There are no comments

Add yours