എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. ഇത്തരം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ.ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ ഇടിമുറികൾ ഇല്ലായ്മ ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ തൃശ്ശൂരിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന് ഇ പി ജയരാജന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തും നന്ദി അറിയിച്ചും കെ.സുരേന്ദ്രൻ.സത്യം ബോധ്യപ്പെട്ടതിൽ നിന്നാണ് ഇ പി , ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് പറഞ്ഞതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മൂന്നാം നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ നിന്നുള്ള നല്ല എംപിമാർ പാർലമെൻറിൽ വേണം എന്നുള്ളത് ബിജെപിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് നല്ല സ്ഥാനാർത്ഥികളെ മത്സരത്തിന് ഇറക്കിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൽ കൊള്ളാവുന്ന മന്ത്രിമാർ ഉണ്ടായിരുന്നു.എന്നാൽ രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ മരുമുകൻ മന്ത്രിയുടെ ഇടപെടൽ മൂലം പലരും പുറത്തായി എന്നും സുരേന്ദ്രൻ പരിഹസിച്ചു. അത് നന്നായി അറിയുന്ന ആളാണ് ഇ പി എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ നിർമ്മിക്കുന്ന ബിജെപി ജില്ലാ ആസ്ഥാന മന്ദിരത്തിലെ പാലുകാച്ചൽ ചടങ്ങിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.