Business Kerala

കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്  

കൊച്ചി: കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് വിവാന്റയില്‍ നടന്ന സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവ്-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സര്‍ക്കാര്‍ സംവിധാനമാണ് കേരളത്തില്‍ നിലവിലുള്ളത്. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് മന്ത്രിസഭാ ക അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 25 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 

ഉന്നത വിദ്യാഭ്യാസം നേടുന്നതിനൊപ്പം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്ക്/ ഗ്രേസ് മാര്‍ക്ക്, പ്രതിഫലം തുടങ്ങിയവ നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ ചെയ്യും. 

വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകാലാശാലകള്‍ സാമ്പത്തിക സഹായം നല്‍കണം. വിദ്യാര്‍ത്ഥികളെ മികച്ച സാധ്യതകള്‍ കണ്ടെത്തുന്നതിനായി പ്രോത്സാഹിപ്പിക്കണം. 

തിരുവനന്തപുരത്ത് വരുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലായി മാറും. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകളും  യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം കരുത്താര്‍ജിക്കും.

ആറു മാസ കാലയളവിലെ  മുഴുവന്‍ സമയ പെയ്ഡ് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളിലും വ്യാവസായിക മേഖലയിലും മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആനുവല്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ എ.ഐ കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *