Kerala

കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രം: അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ  കൊക്കാത്തോട് പ്രാഥമികാരോഗ്യത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരികയായിരുന്നു എംഎല്‍എ.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.24 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടം നവീകരിക്കുക മാത്രമല്ല ഇരുനിലയുള്ള മറ്റൊരു കെട്ടിടം കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഡോക്ടര്‍മാരുടെ എണ്ണവും ഒ.പി സമയവും വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
കല്ലേലി – കോക്കാത്തോട് റോഡ്, കുടിവെള്ള പദ്ധതികള്‍ തുടങ്ങി നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമായിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലെ അര്‍ഹരായവര്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ ഉടന്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ 2019 ല്‍ ആരംഭിച്ചതാണ്. കേന്ദ്ര വനം മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും വാര്‍ഡുതലത്തിലുള്ള വിവരശേഖരണ പ്രവൃത്തികള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *