തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോടെ നിർമിച്ച തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കാര്യനിർവഹണത്തിൽ ഡിജിറ്റൽ സംവിധാനം വന്നതോടെ സർക്കാർ സേവനങ്ങൾ സുഗമമായി പൊതുജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 311 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇതിനോടകം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രേഖകൾ ഡിജിറ്റലാക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.പൊതുജനങ്ങൾക്കും ജീവനക്കാർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയെന്നതാണ് സർക്കാർ ഓഫീസുകളുടെ പ്രാഥമിക ചുമതലയെന്നും ഉദ്യോഗസ്ഥർ അത് കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടതന്നും വിദ്യാഭ്യാസ വകുപ്പുമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുന്നതിലൂടെ മികച്ച സേവനങ്ങൾ കൂടുതൽ വേഗത്തിൽ ജനങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്‌ബി വികസന ഫണ്ടിൽ നിന്നും ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. 356 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, വിശ്രമമുറി, ഡൈനിങ് റൂം, ഓഫീസ് മുറി, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവയും ഒന്നാമത്തെ നിലയിൽ ഓഫീസ് മുറി, ഓഡിറ്റേഴ്‌സ് റൂം, സ്റ്റെയർകേയ്സ് എന്നിങ്ങനെയാണ് നിർമാണം.
തിരുവല്ലം വില്ലേജിലെ ബ്ലോക്ക് നമ്പർ 29, വെങ്ങാനൂർ വില്ലേജിലെ ബ്ലോക്ക് 30, 31 എന്നിവ തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, പകർപ്പുകൾ നൽകൽ, വിവാഹ രജിസ്‌ട്രേഷൻ, ബാധ്യതാ സർട്ടിഫിക്കറ്റ് വിതരണം, ചിട്ടി രജിസ്‌ട്രേഷൻ, സൊസൈറ്റി, ഫേം രജിസ്‌ട്രേഷൻ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാകുന്നത്.