പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

Estimated read time 1 min read

*അംബേദ്കർ മാധ്യമ പുരസ്‌കാരം  വിതരണം ചെയ്തു

അക്ഷരവും അറിവും അധികാരവും നിഷേധിക്കപ്പെട്ട പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന 2023 ലെ ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നമ്മൾ ചർച്ച ചെയ്യുകയാണ്. ഭരണ ഘടന പരമായി പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കാവശ്യമായ പരിഗണന നൽകുന്നതിനാണ് അംബേദ്കർ ശ്രമിച്ചത്. ഈ കാഴ്ചപ്പാടോടെയാണ് സംസ്ഥാന ഗവൺമെന്റ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഏവിയേഷൻ അക്കാദമി, വിദേശ സർവകലാശാലകൾ എന്നിവയിലടക്കം പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാമ്പത്തിക സഹായമടക്കം സർക്കാർ നൽകുകയാണ്. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ സർക്കാർ നിയമിച്ചതിലുള്ള നന്ദി ഊര് മൂപ്പത്തി നവകേരള സദസ്സിൽ മുഖ്യമന്ത്രിയെ അറിയിച്ച അനുഭവവും മന്ത്രി പങ്കു വെച്ചു. പോഷകാഹാര വിതരണവും നവജാത ശിശുക്കളുടെ സംരക്ഷണവുമടക്കമുള്ള ഊർജിതമായ പ്രവർത്തനങ്ങൾ സർക്കാർ തുടർന്ന് വരുന്നു. മാധ്യമ പ്രവർത്തന മേഖലയിലടക്കം പട്ടിക ജാതി പട്ടിക വർഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കണം. പിന്നോക്ക സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പൊതുജനങ്ങളിലെത്തിച്ച അവാർഡ് ജേതാക്കളായ മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ചു.

You May Also Like

More From Author

+ There are no comments

Add yours