തൃശ്ശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള രണ്ട് ദിവസത്തെ കലാസാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളിലാണ് സമൂഹം പ്രതീക്ഷ വെച്ചുപുലർത്തുന്നത്. എന്നാൽ കുഞ്ഞുങ്ങളെ തേടിപ്പിടിച്ചു കൊല്ലുന്ന യുദ്ധം നമ്മുടെ മുന്നിലുണ്ട്. ആശുപത്രിയിൽ പ്രസവമുറിക്ക് മുകളിലാണ് ബോംബുകൾ വർഷിക്കുന്നത്. സ്നേഹത്തെയും സൗഹാർദ്ദത്തെയും യുദ്ധം നിരാകരിക്കുന്നു. മതവും അതുപോലെ തന്നെ. മാരകമായ ആയുധങ്ങൾ ഇല്ലാതെ തന്നെ അത് മനുഷ്യസ്നേഹത്തെ കൊന്നൊടുക്കും. അന്യമതസ്ഥരെ വർജ്ജിക്കണം എന്ന് പറയുന്ന പുതിയ കാലത്ത്, അന്യന്റെ ദുഃഖത്തെയും സന്തോഷത്തെയും സ്വന്തം ദുഃഖവും സന്തോഷവുമായി നമുക്ക് കരുതാൻ കഴിയണം. അന്യലോകത്തെ കാഴ്ചകൾ കാണിച്ചുതരുന്ന പുസ്തകങ്ങൾ കൂട്ടുകാരാവണം. ലോകത്തിന്റെ കാഴ്ചകൾ വരച്ചു തീർക്കാൻ കഴിയണം അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം രചനകളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.വി മദനമോഹനൻ അധ്യക്ഷനായി. ജില്ലയിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
രചനാപ്രവർത്തനങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സർഗ്ഗസമേതം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഈ രംഗത്ത് മികച്ച എഴുത്തുകാരായ പ്രതിഭകളെ വളർത്തിക്കൊണ്ടുവരാനാണ് ക്യാമ്പ് ലക്ഷ്യം വെക്കുന്നത്.
മുൻവർഷത്തെ കലോത്സവത്തിലും വിദ്യാരംഗം സാഹിത്യോത്സവത്തിലും, കവിതാരചന, കഥാരചന, ചിത്രരചന എന്നീ ഇനങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ കുട്ടികളും ചിത്രരചനാലോകത്ത് ഇതിനോടകം ശ്രദ്ധ നേടിയ വടക്കാഞ്ചേരി ജിഎംആർഎസിലെയും വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്യാമ്പ് ഡയറക്ടർ വർഗ്ഗീസ് ആന്റണി,
എൻ. രാജൻ, ഡോ. ബിലു സി. നാരായണൻ, എം. ലാൽ, ആർട്ടിസ്റ്റ് കെ.ജി ബാബു, കുട്ടി എടക്കഴിയൂർ, പ്രിയ ഷിബു, എം. കൃഷ്ണദാസ്, സോബിൻ മഴവീട്, എം. മനോഹരൻ ചെർപ്പുളശ്ശേരി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാരംഗം ജില്ലാ കൺവീനറും സർഗ്ഗസമേതം കോർഡിനേറ്ററുമായ എം.എൻ ബർജിലാൽ സ്വാഗതവും ഡയറ്റ് സീനിയർ ലക്‌ചറർ ഡോ. കെ. പ്രമോദ് നന്ദിയും പറഞ്ഞു.
രണ്ടാം ദിവസമായ ഇന്ന് (തിങ്കൾ) രാമവർമ്മപുരത്തുള്ള വിജ്ഞാൻ സാഗറിലാണ് ക്യാമ്പ്. ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന സമാപനസമ്മേളനം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സമേതം ചുമതലയുള്ള ആസൂത്രണ സമിതി അംഗം വി.എസ് പ്രിൻസ് അധ്യക്ഷനാകും.