പെരിയാറിലെ മത്സ്യനാശം: നിർദേശങ്ങൾ പരിശോധിച്ച് ഉചിത നടപടി – മുഖ്യമന്ത്രി 

Estimated read time 1 min read

പെരിയാറിൽ കഴിഞ്ഞ മെയ് 20 ന് പ്രാഥമിക വിവരപ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്നും  കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

വിഷയം സംബന്ധിച്ച് ടി ജെ വിനോദ് എം എൽ എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  ഏലൂര്‍ ഫെറി ഭാഗത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തുകയുണ്ടായി.

വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്‌സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായി കാണപ്പെട്ടു. മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പാതാളം റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്‌സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. പെരിയാര്‍ നദിയിലേക്ക് പാഴ്ജലം ശുദ്ധീകരണത്തിനുശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള 5 വ്യവസായശാലകളില്‍ നിന്നും മലിനജലം പുറന്തള്ളുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഏലൂര്‍, എടയാര്‍ ഭാഗത്തുള്ള വ്യവസായ ശാലകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍ന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു.
 
മത്സ്യനാശം സംബന്ധിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours