ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജതെളിവുകള്‍ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയ കേസ്ഃ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി

Estimated read time 1 min read

വ്യാജവിവരം നല്‍കി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കേസില്‍ കുടുക്കി നിരപരാധിയായ യുവതി ജയിലില്‍ കഴിയാനിടവന്ന സംഭവത്തില്‍ പ്രതിയായ തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍ നാരായണദാസ് എന്നവരരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളി ഉത്തരവായി .

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയയായ ഷീല സണ്ണി എന്നവരെ മനപ്പൂർവ്വം കേസിൽ കുടുക്കുന്നതിനായി ടിയാരിയുടെ ബാഗിലും സ്കൂട്ടറിലുമായി മയക്കുമരുന്നായ 0.160 ഗ്രാം LSD സ്റ്റാമ്പ് (12 എണ്ണം) ഒളിപ്പിച്ച് വച്ച് ടി വിവരം എക്സൈസ് ഇൻസ്പെക്ടർക്ക് രഹസ്യവിവരമായി മനപ്പൂർവ്വം നൽകി ഷീലയെ അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിക്കാനിടയായിരുന്നു. പിന്നീട് ഇതു സംബന്ധിച്ച് കൂടുതല്‍ ‍ അന്വേഷണം നടത്തിയപ്പോള്‍ ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസാണ് കേസെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സതീശന് കളവായ വിവരം നല്‍കിയതെന്ന് മനസ്സിലാക്കിയിരുന്നു. പിന്നീട് എക്സൈസ് ഇന്‍സ്പെക്ടര്‍ മജിസ്ത്രേട്ട് മുന്‍പാകെ നാരായണദാസിന്റെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. കൂടാതെ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയും, നാരായണദാസും തമ്മിലുള്ള അടുപ്പവും അവര്‍ തമ്മിലുള്ള ബാങ്ക് ഇടപാടുകളും അന്വേഷണോദ്യോഗസ്ഥന്‍ ബാങ്കിന്റെ രേഖകള്‍ പരിശോധിച്ചതിലും ഫോണിന്റെ കോള്‍ റെക്കാര്‍ഡുകള്‍ പരിശോധിച്ചതിലും കണ്ടെത്തിയിരുന്നു. .

സംഭവത്തില്‍ ബന്ധുവായ യുവതിയെ സംശയമുണ്ടെന്ന് ഷീല പരാതിപ്പെട്ടിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് യുവതി ചാലക്കുടിയിലെ ഷീലയുടെ വീട്ടിൽ എത്തിയിരുന്നുവെന്നും, അന്ന് യുവതി തങ്ങിയിരുന്നത് ഷീല സണ്ണിയുടെ മുറിയിലായിരുന്നുവെന്നും, ടി മുറിയിൽ തന്നെയാണ് സ്റ്റാമ്പുകൾ കണ്ടെത്തിയ ബാഗ് സൂക്ഷിച്ചിരുന്നതെന്നും, കൂടാതെ 26.02.2023 തീയതിയിൽ ഷീല സണ്ണിയുടെ സ്കൂട്ടർ പ്രസ്തുത യുവതി ഉപയോഗിച്ചിരുന്നുവെന്നും ടി സ്കൂട്ടറിൽ നിന്നും സ്റ്റാമ്പുകൾ കണ്ടെടുത്തിരുന്നുവെന്നും ആയതിനാലാണ് യുവതിയെ സംശയമെന്നും ഷീല സണ്ണി മൊഴി നൽകിയിരുന്നു. കൂടാതെ ടി ഷീല സണ്ണിയുടെ മകനും യുവതിയെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ആയത് പറഞ്ഞതിന്റെ പേരിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായെന്നും മൊഴി നൽകിയിരുന്നു.

യുവതിയും ഷീലയും തമ്മില്‍ കുടുംബപരമായ ചില പ്രശ്നങ്ങളുടെ പേരില്‍ നേരത്തെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ബാംഗ്ലൂരില്‍ പഠിച്ചു കൊണ്ടിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രസ്തുത ദിവസങ്ങളില്‍ 2,40,000/- രൂപ Cash Deposit നടത്തിയതായി കണ്ടിരുന്നു. പ്രസ്തുത ഡെപ്പോസിറ്റ് നടത്തിയത് മറ്റൊരു വ്യക്തിയാണെന്നും ടിയാന്‍ ഡെപ്പോസിറ്റ് ചെയ്യുന്ന സമയം ദൃശ്യങ്ങള്‍ സിസിടിവി യിലൂടെ ലഭിച്ചിരുന്നു. അതില്‍നിന്നും നാരായണദാസാണ് വ്യാജപേരു പറഞ്ഞ് രഹസ്യവിവരങ്ങള്‍ നല്‍കിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന് ബോദ്ധ്യപ്പെട്ടിരുന്നു. കൂടാതെ നാരായണദാസ് ഉപയോഗിച്ചിരുന്ന ടിയാന്റെ ഭാര്യമാതാവിന്റെ ഫോണില്‍ നിന്ന് യുവതി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് ധാരാളം കോളുകള്‍ ചെയ്തിരുന്നതായും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ഷീലയുടെ വീട്ടില്‍ യുവതി ഉണ്ടായ ദിവസം യുവതിയുടെ ഫോണിലേക്ക് നാരായണദാസിന്റെ ഫോണ്‍ കോള്‍ വന്നതായും കണ്ടെത്തിയിരുന്നു. കൂടാതെ കേസന്വേഷണം തടസ്സപ്പെടുത്തുന്നതിന് നാരായണദാസ് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തിരുന്നു. തെളിവുകള്‍ പുറത്തു വരാതിരിക്കാനായി യുവതി ഉപയോഗിച്ചിരുന്ന നാരായണദാസിന്റെ സുഹൃത്ത് വിനീഷ് എന്നവരുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

നാരായണദാസിനെ കേസില്‍ കളവായി കുടുക്കിയതാണെന്നും ഷീല സണ്ണിയുടെ കേസുമായി നാരായണദാസിന് യാതൊരു വിധ ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും എക്സൈസ് ഇന്‍സ്പെക്ടറുടെ മജിസ്ത്രേട്ട് മുന്‍പാകെയുള്ള മൊഴിയും അന്വേഷണോദ്യോഗസ്ഥന്‍ കണ്ടെടുത്ത കോള്‍ ഡാറ്റാ റെക്കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും പ്രതിയുടെ പങ്കാളിത്തത്തെ സംബന്ധിച്ച് കൃത്യമായ തെളിവാണെന്നും നിരപരാധിയായ ഒരു സ്ത്രീയെ 20 വര്‍ഷം ശിക്ഷിക്കാവുന്ന കേസില്‍ മനഃപ്പൂര്‍വ്വം കുടുക്കി 72 ദിവസം ജയിലില്‍ കിടത്തിയ പ്രതിക്ക് ഒരു കാരണവാശാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതിയെ ചോദ്യം ചെയ്ത് കൂടുതല്‍ പ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

You May Also Like

More From Author

+ There are no comments

Add yours