ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു : ജില്ലാ കളക്ടർ

Estimated read time 1 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വോട്ടര്‍മാരുടെ എണ്ണം

തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ വോട്ടര്‍മാരും 55 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്‍മാര്‍- 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്.

ആകെ 2319 പോളിങ് സ്റ്റേഷനുകള്‍

ജില്ലയില്‍ 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.

85+, ഭിന്നശേഷിക്കാര്‍ക്ക് ഹോം വോട്ടിങ് സൗകര്യം

85 വയസ്സിലധികം പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റല്‍ വോട്ടിങിനായി ഫോം 12 ഡി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം തുടങ്ങി. മൈക്രോ ഒബ്സര്‍വര്‍ അടക്കമുള്ള പ്രത്യേക പോളിംഗ് ടീം മുന്‍കൂര്‍ അറിയിപ്പോടെ ഇവരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ഈ വോട്ടര്‍മാരുടെ പട്ടിക, സന്ദര്‍ശന സമയം സംബന്ധിച്ച് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കുന്നതാണ്. ഇത്തരത്തില്‍ ഹോം വോട്ടിങ് സൗകര്യം സ്വീകരിച്ച വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടാവില്ല.

വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്കിനെയും ചെലവ് നിരീക്ഷണത്തിന് ഫിനാന്‍സ് ഓഫീസറെയും നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി.), വിവിധ സ്‌ക്വാഡുകള്‍ എന്നിവയും രൂപീകരിച്ചു. 26 എം.സി.സി സ്‌ക്വാഡ്, 39 ഫ്‌ളൈയിങ് സ്‌ക്വാഡ്, 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, 26 ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്, 26 വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവര്‍ ചട്ടലംഘനങ്ങൾ നിരീക്ഷിക്കും. കൂടാതെ 24×7 സി-വിജില്‍ ആപ്പ് മുഖേന ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിന് ഒരു ടീമും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

പ്രധാന തീയതികള്‍

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപന പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

നാമനിര്‍ദേശ പത്രിക സൂഷ്മപരിശോധന- ഏപ്രില്‍ അഞ്ച്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി- ഏപ്രില്‍ എട്ട്.

വോട്ടെടുപ്പ്- ഏപ്രില്‍ 26 (വെള്ളിയാഴ്ച)

വോട്ടെണ്ണല്‍- ജൂണ്‍ നാല് (ചൊവ്വാഴ്ച).

ജൂണ്‍ ആറിന് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകും. ജൂണ്‍ ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടാവുക.

കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം ടി.മുരളി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.സി ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours