വന്യമൃഗ ശല്യം : പ്രതിരോധ നടപടികൾ ശക്തമാക്കും : മന്ത്രി പി.രാജീവ്

Estimated read time 1 min read

എറണാകുളം: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് അങ്കമാലി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം ഗൗരവമായെടുത്താണ് സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നത്. 

 നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള ഹാങ്ങിങ് ഫെൻസിങ്  അടക്കമുള്ള പദ്ധതികൾക്ക് തിങ്കളാഴ്ച തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ചീഫ് കൺസർവേറ്റീവ് ഫോറസ്റ്റ് ഓഫീസറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ആർ.കെ.വി.വൈ( പരമ്പരാഗത് കൃഷി വികാസ് യോജന ) പദ്ധതി തുക ഉപയോഗിച്ച് രണ്ട് ജില്ലകളിലും നടപ്പിലാക്കാനുള്ള സോളാർ ഫെൻസിങ് അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും. വനപ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കണം. മലയാറ്റൂർ തീർത്ഥാടന പശ്ചാത്തലത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

 റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ. ആർ. റ്റി ) ടീമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. പഞ്ചായത്തുകളിൽ ജന ജാഗ്രത സമിതികൾ മൂന്നുമാസത്തിലൊരിക്കൽ കൃത്യമായി കൂടണം. യോഗത്തിൽ കഴിഞ്ഞ ജാഗ്രത സമിതിയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തണം. വനത്തിനുള്ളിൽ മരം  അടി വെട്ടി മാറ്റുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വനം വകുപ്പ് വാച്ച് മാൻമാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വനമേഖലയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കായി എൻ.ഒ.സി ലഭിക്കാതെ ഭാഗിക തടസ്സം നേരിടുന്നത് യോഗം ചർച്ച ചെയ്തു. 1980നു മുൻപുള്ള റോഡുകൾ ആണെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ അഫിഡവിറ്റും ഉണ്ടായിരുന്നു എന്നതിന് തെളിവായി ഏതെങ്കിലും ഒരു രേഖയും നൽകുന്ന പക്ഷം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തലത്തിൽ തന്നെ എൻ.ഒ.സി നൽകാൻ കഴിയും. അല്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പരിവേഷ് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കണം. ഇതിനുള്ള സഹായങ്ങൾ വനം വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്ലാന്റേഷൻ കോർപ്പറേഷന്റെ സഹകരണത്തോടെ പ്ലാന്റേഷനിലൂടെയുള്ള  റോന്തു ചുറ്റൽ ശക്തമാക്കും. പ്ലാന്റേഷൻ കോർപ്പറേഷനിലെ ഇടവിള കൃഷി കാട്ടാന ശല്യം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് ജനപ്രതിനിധികൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ കളക്ടർമാരെയും ചീഫ് കൺസർവേറ്റീവ് ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് മൂന്നുമാസം കഴിഞ്ഞ് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

 യോഗത്തിൽ ജനപ്രതിനിധികൾ മൃഗശല്യവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

You May Also Like

More From Author

+ There are no comments

Add yours