വി.ഐ.പികളാകാന്‍ മണിയന്‍കിണര്‍ വോട്ടര്‍മാര്‍; ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Estimated read time 1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം പീച്ചി- വാഴാനി വന്യജീവി സങ്കേതം ഒളകര ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മണിയന്‍കിണര്‍ ആദിവാസി കോളനിയില്‍ വി.ഐ.പി ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

എല്ലാ വോട്ടര്‍മാരോടും വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് അവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ പറഞ്ഞു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കോളനിയിലെ മുതിര്‍ന്ന വോട്ടറായ വെള്ളച്ചിയമ്മയെ ആദരിച്ചു.

പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭു അധ്യക്ഷനായി. അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഒല്ലൂര്‍ നിയോജകമണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറും തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായ രവികുമാര്‍ മീണ, ഊര് മൂപ്പന്‍ കുട്ടന്‍, പട്ടിക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.സി പ്രജി എന്നിവര്‍ സംസാരിച്ചു. പീച്ചി -വാഴാനി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുമു സ്‌ക്കറിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന പ്രമേയം വെള്ളച്ചിയമ്മ ജില്ലാ കലക്ടര്‍ക്ക് കൈമാറി. വോട്ടവകാശ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ബോധവത്കരണ ക്ലാസ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രംജിഷ് രാജ് നയിച്ചു. വനദിനാചരണത്തോടനുബന്ധിച്ച് കോളനി പരിസരത്ത് ജില്ലാ കലക്ടര്‍ വൃക്ഷ തൈനട്ടു.

‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, വോട്ട് ചെയ്യൂ വി.ഐ.പി ആകൂ എന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ട് വെയ്ക്കുന്നത്. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് തീരദേശം, വനപ്രദേശം, ട്രാന്‍സ്‌ജെന്‍ഡര്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours