ശാസ്ത്രീയത ഉറപ്പു വരുത്തി തദ്ദേശീയ വൈദ്യ സാധ്യതകൾ വിപുലമാക്കണം: മുഖ്യമന്ത്രി

Estimated read time 1 min read

തിരുവനന്തപുരം: ശാസ്ത്രീയ മാർഗങ്ങൾ പിൻതുടർന്ന് തദ്ദേശീയ പരമ്പരാഗത വൈദ്യമേഖലയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരളത്തിലെ തദ്ദേശീയ വൈദ്യന്മാരുടെ സംഗമവും, പാരമ്പര്യ ചികിത്സ ക്യാമ്പും ഉൽപ്പന്ന പ്രദർശന വിപണനമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയ വൈദ്യ അറിവുകൾ ശാസ്ത്രീയമായി അവതരിപ്പിച്ച് പേറ്റന്റടക്കം നേടാൻ കഴിയണം. ഇത്തരത്തിൽ തദ്ദേശീയ  വൈദ്യത്തിന്റെയും ഔഷധ ഉൽപ്പന്നങ്ങളുടെയും സവിശേഷതകൾ ജനങ്ങളിലേക്കെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനാകെ മാതൃകയായ ആരോഗ്യരംഗമാണ് കേരളത്തിന്റേത്. ഈ ചരിത്ര നേട്ടത്തിന്റെ സമാരംഭം കുറിച്ചത് തദ്ദേശീയ വൈദ്യത്തിൽ നിന്നാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് മുൻപ് പറമ്പിലെയും വനങ്ങളിലെയും   ഔഷധ സസ്യങ്ങളിൽ നിന്നും ഉണ്ടാക്കിയ മരുന്നുകൾ അക്കാലം മുതൽ  പ്രചരിച്ചിരുന്നു. കേരള ആരോഗ്യരംഗത്തെ മികവിന് ഈ മേഖല സഹായിച്ചു. ആരോഗ്യ രംഗത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിക്കുന്നവരാണ് പരമ്പരാഗത, തദ്ദേശീയ വൈദ്യന്മാർ. ലോകത്തിലെല്ലായിടത്തും പരമ്പരാഗത ചികിത്സാ സൗകര്യങ്ങൾ നിലവിലുണ്ട്. ഗവേഷണത്തിനപ്പുറം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുവൈദ്യം മുന്നോട്ട് പോകുന്നത്. ആയുർവേദ അടിസ്ഥാന ആശയങ്ങളിൽ അധിഷ്ഠിതമായ  പാരമ്പര്യ ചികിത്സ അറിവുകളെ വരുംതലമുറക്ക് പകർന്നു നൽകാൻ ശ്രദ്ധിക്കുകയും വേണം. ഡിജിറ്റൽ കാലഘട്ടത്തിൽ അത്തരം സാധ്യതകൾ ഉപയോഗിക്കുകയാണ് വേണ്ടത്. നാട്ടുവൈദ്യം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതോടൊപ്പം മറ്റ് ആരോഗ്യ സംവിധാനങ്ങളോട് സഹകരിക്കുകയും വേണം. പരമ്പരാഗത വൈദ്യശാസ്ത്ര അറിവുകളെയും മേഖലയെയും സംരക്ഷിക്കുന്നതിനുള്ള നയപരിപാടികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ പാരമ്പര്യ ചികിത്സകരെ തിരിച്ചറിഞ്ഞ് അവർക്ക് പിൻതുണ നൽകുന്നുണ്ട്.  400 ലധികം വൈദ്യന്മാർ നിലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 50 ഓളം വൈദ്യന്മാർക്ക് നടപ്പ് സാമ്പത്തിക വർഷം അംഗീകാരം നൽകി. 200 അപേക്ഷകളിന്മേൽ അന്വേഷണം നടത്തി ഉചിതമായ തീരുമാനമെടുക്കും.

ശിൽപ്പശാല, പരിശീലന പരിപാടികൾ, ചികിത്സ ക്യാമ്പുകൾ, ചികിൽസ ധനസഹായം എന്നിവ ഈ സംഗമത്തിൽ നടക്കുന്നവെന്നത് ശ്രദ്ധേയമാണ്. ഏകാരോഗ്യ സംവിധാനം രൂപീകരിച്ച് ആരോഗ്യ വെല്ലുവിളികളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. പകർച്ചവ്യാധികളിൽ 60% ജന്തുജന്യമാണ്. വനാവരണവും ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ ഇത്തരം പകർച്ച വ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലടക്കം പരമ്പരാഗത, വൈദ്യമേഖലക്ക് ശ്രദ്ധേയമായ സംഭാവന നൽകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശീയ വൈദ്യന്മാരുടെ വിവര സൂചിക പ്രകാശനം മുഖ്യമന്ത്രി മന്ത്രി കെ രാധകൃഷ്ണന് നൽകി നിർവഹിച്ചു.

പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി  ഡോ. എ. ജയതിലക് സ്വാഗതം ആശംസിച്ചു. വി.കെ. പ്രശാന്ത് എം എൽ എ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡി. ആർ മേഘശ്രീ, കിർത്താഡ്‌സ് ഡയറക്ടർ ഡോ. ബിന്ദു എസ്, സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം ബി വിദ്യാധരൻ കാണി എന്നിവർ സംബന്ധിച്ചു.

You May Also Like

More From Author

+ There are no comments

Add yours