Kerala

സംസ്ഥാനത്തെ 31,499 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു.

ഭൂരഹിതരായവര്‍ക്ക്‌ ഭൂമി കണ്ടെത്തി നല്‍കുന്നതും അര്‍ഹരായവര്‍ക്ക്‌ കാലതാമസം ഇല്ലാതെ പട്ടയങ്ങള്‍ ലഭ്യമാക്കുക എന്നതിലും സർക്കാർ സുപ്രധാന പരിഗണനയാണ് നൽകുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒന്നാം വര്‍ഷത്തില്‍ 54535 പട്ടയങ്ങളും രണ്ടാം വര്‍ഷത്തില്‍ 67,068 പട്ടയങ്ങളും ഉള്‍പ്പെടെ 1,21,604 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു.

പട്ടയ മിഷന്‍ സംവിധാനത്തിന്റെ ഊര്‍ജിതമായ പ്രവർത്തന ഫലമായി കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഭൂമി കണ്ടെത്തി സര്‍വേ നടത്തി, പട്ടയം നൽകുന്നതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് 31,499 പട്ടയങ്ങള്‍ വിതരണത്തിന്‌ തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിൽ ഒരേ സമയം നടക്കുന്ന ജില്ലാതല പട്ടയ മേളയിലൂടെ സംസ്ഥാനത്തെ 31,499 കുടുംബങ്ങള്‍ കൂടി പട്ടയം നൽകുന്നത്. ഫെബ്രുവരി 22ന്‌ ഉച്ചതിരിഞ്ഞ്‌ 3:00 മണിക്ക്‌ തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ജില്ലാതല പട്ടയം മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന്‌ ജില്ലകളില്‍ ചുമതലക്കാരായ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.

ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 1,53,103 ആകും.

Leave a Reply

Your email address will not be published. Required fields are marked *